My Strength

what do you like about this blog?

Friday, October 28, 2016

കാഴ്ചയുടെ അഭംഗികൾ: മനോജ് കാനയുടെ "അമീബ" / Manoj Kana's film "Amoeba"

രൂപഭംഗികളുടെ ആഘോഷമായി കലയും, കാഴ്ചയും മാറുന്നിടത്താണ് ഇത്തരം കാഴ്ചയുടെ ആന്തരിക അഭംഗികളെ വെളിപ്പെടുത്തിക്കൊണ്ട് മനോജ് കാനയുടെ "അമീബ" എന്ന ചലച്ചിത്രം അതിന്റെ ആദ്യ ഇടം സ്ഥാപിക്കുന്നത്. ഇവിടെ നായിക തന്റെ രൂപാന്തരണത്തെ കാമുകന് മുമ്പിൽ തുറന്നുകാട്ടുമ്പോൾ നായകനോടൊപ്പം ഭയക്കുന്നത് കാഴ്ചകളുടെ പതിവുശീലങ്ങളാണ്, സംവേദനങ്ങളുടെ ഉപരിപ്ലവ രീതികളാണ്. 

മലയാള സിനിമയും,  അത് ആവർത്തിച്ച് പ്രതിനിധീകരിച്ച് വളർത്തിയെടുത്ത പ്രദേശധാരണകളും, ഭാഷയും "അമീബ" ധൈര്യപൂർവം നേരിടുന്നു. ഇവിടെ വലിയ വിഭാഗം മലയാളികൾക്ക് വടക്കൻ ഭാഷയുടെ വള്ളുവനാടൻ സബ് ടൈറ്റിൽ കൊടുക്കേണ്ടി വരുമോ?! അങ്ങിനെ വേണമെന്ന് ആരെങ്കിലും കളിയാക്കി പറഞ്ഞാൽ അതിനുള്ള ധൈര്യപൂർവ്വമായ മറുപടിയാണ് മനോജ് കാന ഭാഷയിൽ ഉറച്ചുനിൽക്കുക വഴി നൽകുന്നത്. കണ്ടു പരിചയിച്ച 'അമ്മ', 'അച്ഛൻ' ബിംബങ്ങൾക്ക് ഒരു മാനുഷിക ബദലാണ് ഇതിലെ അച്ഛനമ്മമാർ, ഭാഷയിലും, രൂപത്തിലും, പെരുമാറ്റങ്ങളിലും. 

ഈ ചിത്രം എൻഡോസൾഫാനെക്കുറിച്ചുള്ള, അതിന്റെ ദുരന്തഫലങ്ങൾ അനുഭവിക്കുന്ന ഒരു പ്രദേശത്തെ വിവിധ മനുഷ്യരെക്കുറിച്ചുള്ളതാണെന്ന് പറഞ്ഞാൽ അത് ഭാഗികമായിപ്പോകും. മനോജ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഈ മനുഷ്യരുടെ വ്യഥകളിൽ മാത്രമല്ല. മറിച്ച്, രാജ്യത്തിന്റെ, ലോകത്തിന്റെ നാനാ ഭാഗങ്ങളിലായി പ്രത്യക്ഷമായും, പരോക്ഷമായും മനുഷ്യവിരുദ്ധവും, പ്രകൃതി വിരുദ്ധവുമായ ശക്തികൾക്ക് ഇരയാക്കപ്പെട്ടുകൊണ്ടിരിക്കുന്ന പലരുടെയും കഥകളിലാണ്. ഇതിലെ നായകനായ ചെറുപ്പക്കാരനും അയാളുടെ ജോലിസംബന്ധമായ പ്രതിസന്ധികളും, പൊരുത്തപ്പെടലുകളുമൊക്കെ എൻഡോസൾഫാനെക്കാളും അപകടകരമായ വ്യവസ്ഥിതിയുടെ ചിത്രമാണ് കാണിച്ചു തരുന്നത്. ചിലരെ പ്രത്യക്ഷത്തിൽ വികൃതരാക്കിയും, മറ്റു ചിലരെ പരോക്ഷമായും!! ഇവിടെയാണ് മനോജ് എന്ന സംവിധായകന്റെ ദിശാബോധവും, കാഴ്ചപ്പാടുകളുടെ ഗഹനതയും, വ്യക്തതയും തലയുയർത്തി നിൽക്കുന്നത്. 
 
വാർത്തകളിൽ ശ്രദ്ധിക്കപ്പെട്ട ഈ ഒരു പ്രദേശത്തെ ദുരന്തം ചലച്ചിത്രമാക്കുമ്പോൾ അതിന് ഒരു ഡോക്യുമെന്ററി-യുടെ സ്വഭാവം ഉണ്ടാകാൻ ഏറെ സാധ്യതയുണ്ട്. അല്ലെങ്കിൽ ഈ ഒരു വിഷയത്തെ തികച്ചും കാല്പനികമായ രീതിയിൽ സമീപിക്കാം. ഇതിൽ രണ്ടിലും വഴുതി വീഴാതെയുള്ള സന്ദിഗ്ധമായ നടത്തമാണ് മനോജിന്റേത്, അത് തന്നെയാണ് ഈ സിനിമയുടെയും അദ്ദേഹത്തിന്റെയും രാഷ്ട്രീയവും. 
                                              --സന്തോഷ് കാന /review by Santhosh Kana.





Monday, October 17, 2016

പാതകൾ, പറച്ചിലുകൾ/paathakal parachilukal


ഒരു പദ്ധതികളുമില്ലാത്ത ചില യാത്രകൾ ഒന്നിന് പിറകെ ഒന്നായി വിസ്മയങ്ങളുടെ ചെപ്പുകൾ തുറക്കുന്നതുപോലെ അനുഭവങ്ങൾ സമ്മാനിയ്ക്കും. ഇന്നലെ നടത്തിയ യാത്ര ക്ഷേത്രങ്ങളിൽ തുടങ്ങി പുഴകൾക്കരികിലൂടെ, കാട്ടിലൂടെ, ചുരം കയറി മഞ്ഞിന്റെ വിഷാദ കമ്പളം വിരിച്ച താഴ്വര ദൃശ്യങ്ങളും, ശുദ്ധ വായുവും സമ്മാനിച്ചു. യാത്രയിലെവിടയോ പിന്നിൽ താണ്ടിയ നഗരവും, പരിചിത പ്രത്യക്ഷ സ്വത്വവും നഷ്ടപ്പെട്ടു. അതെ, യാത്ര ഒരേ സമയം കുന്നുകളിലേക്കും താഴവരകളിലേക്കുമാണ്, സ്ഥിരം കാഴ്ചകളിൽ കാണാതെപോകുന്ന ഉയരങ്ങളിലേയ്ക്കും ആഴങ്ങളിലേയ്ക്കും . (Santhosh Kana)

Tuesday, October 11, 2016

SREE MOOKAMBIKA TEMPLE, PALIYERI, KERALA

Sree Mookambika Temple & the Sacred Grove at Paliyeri, Karivellur, Kannur district, Kerala.

                                     ----Santhosh Kana